Monday, January 31, 2011

സമുദായം

                                      കാലം മാറുന്നുണ്ടെങ്കിലും മനുഷ്യന്റെ
                                      കോലം മാറുന്നില്ല സ്വാര്‍ഥത കുറഞ്ഞില്ല
                                       ഗ്രാമങ്ങളില്‍ പോട്ടെ നഗരങ്ങളില്‍ത്തന്നെ
                                      കാലത്തിന്നൊപ്പം നീങ്ങാന്‍ പലര്‍ക്കും കഴിഞ്ഞില്ല.


                                      സൌന്ദര്യമുണ്ട് പടിപ്പുന്ടെന്കിലെന്തിന്നെന്റെ
                                      അയലത്തെപ്പെണ്ണ്‍കുട്ടിക്ക്  കെട്ടോന്നും വരുന്നില്ല
                                      കാര്യമെന്തെന്നോ അവള്‍ക്കില്ലല്ലോ സൌഭാഗ്യങ്ങള്‍
                                       കാന്തനെ വിലയ്ക്കു വാങ്ങീടുവാന്‍ പൊന്നും പണം.




                                     എല്ലാര്‍ക്കും വേണം വിദ്യ പിന്നെയോ പരിശുദ്ധി
                                     കാണുവാന്‍ മൊഞ്ചും ചേര്‍ന്നാല്‍ തീര്‍ന്നെങ്കിലെത്ര ഭേദം
                                     പോരല്ലോ പവന്‍ കണക്കിപ്പോഴും കൂട്ടിക്കിഴി-
                                     ച്ചോതുന്നു ചിലരൊക്കെ എത്രയോ ലജ്ജാവഹം.


                                     ചിലരൊക്കെ വന്നുപോയി പിന്നീടുകേള്‍ക്കാം അവര്‍
                                     ചോദിച്ചതൊക്കെക്കൊടുത്തീടുവാന്‍ കഴിവില്ല
                                     പാവമാ പെണ്‍കുട്ടിതന്‍ നീള്‍മിഴി നിരാശപൂ-
                                     ണ്ടെങ്കിലും വിധിയോര്‍ത്താ ചുണ്ടുകള്‍ വിതുംബില്ല.


                                    പുസ്തകം കൈയ്യില്‍പിടിച്ചിപ്പോഴും പോകുന്നവള്‍
                                    എന്തൊക്കെപ്പടിക്കുവാന്‍ എന്നെനിക്കറിയില്ല
                                     ഒന്നെനിക്കറിയാമിപ്പോക്കിപ്പോള്‍ വെറുതെയാ-
                                     ണെങ്ങിനെച്ചുമ്മാ വീട്ടിലിരിക്കും എന്നോര്‍ത്തതാല്‍


                                    പഠിക്കാന്‍ പോകുന്നുണ്ടെന്നെങ്കിലും പറഞീടാം
                                     പതുക്കെ വരനൊരാള്‍ പടികടന്നെത്തും നേരം
                                     പ്രതീക്ഷ മാത്രമല്ലേ മുന്നോട്ടു ഗമിക്കുവാന്‍
                                     പ്രേരണയുള്‍ലു പാവം മര്‍ത്ത്യന്റെ ഗതിയോര്‍താല്‍.


                                     ഒട്ടേറെ മുന്നോട്ടു പോയെങ്കിലും തട്ടിത്തട-
                                     ഞ്ഞിപ്പോഴും പിന്നോട്ടുതന്നെത്തിയെന്നൊരു തോന്നല്‍
                                     തെറ്റു ചെയ്യാതെത്തന്നെ ശിക്ഷ വാങ്ങിടുന്നൊരി-
                                    പ്പാവങ്ങള്‍ പെണ്‍കുട്ടികള്‍ എത്രയോ ഹത ഭാഗ്യര്‍.


                                    എവിടെപ്പണയംവെചെന്റെയീ സമുദായം
                                    അന്നൊരാള്‍ അറേബ്യയില്‍ നെയ്‌തൊരാ പുണ്യാശയം
                                    സ്ത്രീകളെക്കുറിച്ചുള്‍ളോരറഫാ പ്രസംഗവും
                                    വേര്‍പ്പാടിന്‍ നേരം പോലും നല്‍കിയ നിര്‍ദേശവും.                              
                                            

Thursday, January 27, 2011

മകര ജ്യോതി

അയ്യപ്പ നൊപ്പം കൂട്ട് വാവരെ ന്നറിഞ്ഞു ഞാന്‍ 
അല്ലെങ്കില്‍ രണ്ടും ചേര്‍ന്നോ രൊന്നിനെത്തിരഞ്ഞു ഞാന്‍.

പുല്‍മേട്ടില്‍ പോലിഞ്ഞുള്ള ജീവന്റെ തുടിപ്പുകള്‍
വാവിട്ടു കരയുന്നതിപ്പോഴും കേള്‍ക്കുന്നു ഞാന്‍.

കേവല ദുരന്തമായ്‌ കാണുവാന്‍ കഴിയാതെ
മുട്ടുന്ന ചോദ്യങ്ങളെ തട്ടിമാറ്റിടുന്നു ഞാന്‍.

ചിതറിക്കിടക്കുന്ന ചെരിപ്പും വിരിപ്പുകള്‍
വഴിയിലുപേക്ഷിച്ചോരാത്മാവില്‍ തൊടുന്നു ഞാന്‍.

മകരജ്യോതിയുണ്ടോ ഇല്ലയോ എന്നോര്‍ക്കാതെ
മനുഷ്യജീവന്നുള്ള വിലയെ മദിപ്പു ഞാന്‍.

നന്മയില്‍ സ്ഫുടം ചെയ്യാന്‍ വ്രതവും നോറ്റങെത്തി-
ത്തങ്ങളെ നഷ്ട്ടപ്പെട്ട രോദനം ശ്രവിപ്പു ഞാന്‍.

മരണം വിളിക്കുന്നോരന്ത്യമാം നിമിഷത്തില്‍
ശരണം വിളിച്ചോരാ ഭക്തിയില്‍ സ്തംബിപ്പു ഞാന്‍.

ഇന്നുമാ പമ്പാനദി തഴുകിത്തലോടാത്ത
പാപികള്‍ മാപപിന്നര്‍ഹരല്ലെന്നുമറിഞ്ഞു ഞാന്‍.

പുല്‍മേടു കാടാണെങ്കില്‍ "കാട്ടിലെത്തടിക്കൊപ്പം
തേവരുടാന"യെന്നോരര്‍ത്തത്തെച്ചിന്തിപ്പു ഞാന്‍.

അരുതേ കാട്ടാളാ എന്നുറക്കെപ്പറയെണ്ടോ-
രര്‍ഹതപ്പെട്ടോരുടെ മൌനത്തെ വെറുപ്പു ഞാന്‍.

ഇന്നല്ല നാളെയുമാ മലയില്‍ചവിട്ടുമ്പോള്‍
വേദനിക്കരുതാര്‍ക്കും എന്നുതന്നാശിപ്പു ഞാന്‍.

മനുഷ്യവര്‍ഗ്ഗം ഒരേസ്ത്രീപുരുഷരില്‍ നിന്നാ-
ണെന്നുള്ള ഖുര്‍ആനിന്‍ എളിയ വക്താവു ഞാന്‍.

ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ചേര്‍ന്നോ-
രിന്ത്യ തന്‍ ശ്രേയസ്സിനായ്‌ പ്രാര്‍ഥിച്ചിട്ടിരിപ്പുഞാന്‍.

Tuesday, January 25, 2011

മീസാന്‍കല്ല്‌

                            കണ്ടോ ശ്മാശാനത്തിലുണ്ടിരു കല്ല്‌
                                           കാല്‍ക്കല്‍, തലക്കലായ് നാട്ടുന്ന കല്ല്‌
                             മഞ്ഞും മഴയേ‌റ്റ പൂപ്പല്‍ നീ മാറ്റ്
                                            പേരൊന്ന് കണ്ടെങ്കില്‍ നിന്റേതുമോര്‍ക്ക്

                             ശാശ്വതമാം നിന്റെ താവളമേത്
                                            ഖബറെന്ന കുഴിമാടമല്ലാതെ എന്ത്
                            ആറടി മണ്ണേ നിനക്കുള്ളു സ്വന്തം
                                            ആരറിയാന്‍ അതിലുള്ള ദുരന്തം

                             കൊട്ടാരമല്ല കുടില്‍ പോലുമല്ല
                                            കൂട്ടിന്നൊരാള്‍ പോട്ടെ ശല്പ്പങ്ങളില്ല
                             കാകോദരം വൃച്ചികം കൂടെ നിന്റെ
                                             കര്‍മ്മങ്ങളല്ലാതെ മറ്റൊന്നുമില്ല

                              തസ്ബീത് തല്ഖീന്‍ ഇവയൊക്കെ ചൊല്ലി
                                             നീയെന്ന പാഴ്വസ്തു ഗര്‍ത്തത്തില്‍ തള്ളി
                              പോകുന്നു മക്കള്‍ അയല്ക്കാരുമൊത്ത്
                                              പോക്കില്‍ കരയുന്നവര്‍ നിന്നെയോര്‍ത്ത്

                               സ്നേഹിക്കുന്നോരൊക്കെ ര്ണ്ടാഴ്ച്ചയോര്‍ക്കും
                                              ഗേഹത്തില്‍ നാല്‍പ്പതിന്നന്നം കൊടുക്കും
                               ശത്രുക്കള്‍ സന്തോഷിച്ചുള്ളില്‍ ചിരിക്കും
                                              ശല്യം ഒഴിഞ്ഞെന്നവര്‍ ആശ്വസിക്കും

                               ഞാനെന്നഹന്തയില്‍ ജീവിച്ചവന്‍ ഞാന്‍
                                              നീയൊന്നുമല്ലെന്ന് ചിന്തിച്ചവന്‍ ഞാന്‍
                                ഞാനില്ല നീയില്ല നാമൊന്നു തന്നെ
                                              എന്നൊട്ടുമോര്‍ക്കാതെ തര്‍ക്കിച്ചവന്‍ ഞാന്‍

                                നിന്നെപ്പടച്ചോന്‍ തനിയെപ്പടച്ചു
                                               നീ കൂട്ടുകാരൊത്ത് മണ്ണില്‍ മദിച്ചു
                                പെട്ടെന്നൊരു നാളില്‍ നിന്നെത്തളച്ചു
                                                ഒറ്റക്കു തന്നെത്തിരികെ വിളിച്ചു

                                തീര്‍പ്പിന്റെ നാളോളമിത്താവളത്തില്‍
                                                വേര്‍പ്പെട്ട കങ്കാളമായിക്കിടപ്പില്‍
                                 സൂര്യന്‍ പടിഞ്ഞാറുദിക്കുന്ന കാലം
                                                 സൂറെന്ന കൊമ്പില്‍ വിളി കേള്‍ക്കുവോളം                 

Monday, January 24, 2011

വല്ലാത്തൊരു ഹുബ്ബ്‌

ഉപ്പാടെ സ്നേഹം മറ്റാര്‍ക്കുണ്ട് മോനെ
ഉമ്മാടെ വാല്‍സല്യം മറ്റാര്‍ക്ക് പൊന്നെ
നിന്നോടവര്‍ക്കുള്ള സ്നേഹപ്പെരുപ്പം
കുന്നോളമല്ല അതിലും വലുപ്പം

എല്ലാര്‍ക്കും നിന്നെക്കൊണ്ടങ്ങോട്ടു നേട്ടം
എന്നാലവരോ മറിച്ചാണ് നോട്ടം
മക്കള്‍ക്കരുതായ്ക പറ്റാതിരിക്കാന്‍
മാതാപിതാക്കള്‍ കരളും പറിക്കും

ഉമ്മാന്റെ മാറില്‍ പതിഞ്ഞു കിടന്ന്
അമ്മിഞ്ഞപ്പാലിന്‍ രുചിയും നുകര്‍ന്ന്
പല്ലില്ല മോണകള്‍ കാട്ടിച്ചിരിച്ച്
പകരതിനെന്തുണ്ടവര്‍ക്ക് തിരിച്ച്

താരാട്ടുപാടിയുറക്കിയ രാവ്
നിന്നെപ്പുകഴ്ത്താനൊരായിരം നാവ്
ആരും എതിര്‍ത്താല്‍ സഹിക്കില്ലവര്
നേരിട്ടടിക്കും പുലിയോടും പോര്

കടല്‍വെള്ളം  വേണെങ്കില്‍ നീയൊന്നളന്നോ
അവര്‍ക്കുള്ള സ്നേഹം അളക്കാതിരുന്നോ
മുടിനാരിഴകള്‍ നീഎണ്ണാന്‍ തുനിഞ്ഞോ
അവര്‍ ചെയ്ത നന്മകള്‍ എണ്ണാതിരുന്നോ

ഒരു തട്ടില്‍ വെക്ക് അവര്‍ക്കുള്ള സ്നേഹം
മറുതട്ടിലായിട്ടോതുങ്ങട്ടെ ലോകം
മാതാവിനുള്ള ചരണത്തിലാണെ
സ്വര്‍ഗ്ഗം എന്നാരമ്പ ദൂതര്‍ പറഞ്ഞെ

ജനകന്‍ ജനനി ഇവര്‍ക്കുള്ള മാനം
ജന്മത്തിലൊട്ടും കുറയില്ല സ്ഥാനം
ഉള്ളിന്റെയുള്ളില്‍ തുളുമ്പുന്ന ഹുബ്ബ്‌
കൈനീട്ടി വാങ്ങ്‌ അവര്‍ പോകുംമുമ്പ്

Saturday, January 22, 2011

മാപ്പിള

                                   മലയാളി രോമന്ജം കൊള്ളേണ്ടോരേട്
                                   മലബാര്‍ കലാപം മറന്നോ ഇന്നാട് 
                                   മണ്ണിന്റെ മക്കള്‍ക്കറിയാത്തതാണോ
                                   മതിയത്ര എന്നങ്ങു ചിന്തിച്ചതാണോ
                                           സ്വാതന്ത്ര്യം നേടാന്‍ ഹിന്ദുസ്ഥാന്‍ കൊതിച്ചു
                                           ത്യാഗങ്ങള്‍ ഒട്ടേറെ നമ്മള്‍ സഹിച്ചു 
                                           ആയിരങ്ങള്‍ രക്തസാക്ഷ്യംവഹിച്ചു
                                           അതിലേറെപ്പേര്‍ പീഡനങ്ങള്‍ സഹിച്ചു
                                   ഹിന്ദുക്കള്‍ക്കൊപ്പം മുസല്‍മാനുമുണ്ട്
                                   ഇന്ത്യക്ക് ചോര കൊടുത്തോരില്‍ പങ്ക്
                                   എന്നല്ല മാപ്പിളമാര്‍ക്കുള്ള വീര്യം
                                   ഇന്നാട്ടിലാരും മറക്കാത്ത കാര്യം
                                           ബയണറ്റു തൊണ്ടക്കുഴിയില്‍ തറച്ചും
                                           ബൂട്ടിട്ട് നാഭിക്കു താഴെത്തൊഴിച്ചും
                                           ഭര്‍ത്താവിന്‍ മുമ്പില്‍ ബലാല്‍ക്കാരം ചെയ്ത്
                                           ഭാര്യയെക്കൊല്ലാന്‍ കഴുത്ത് ഞെരിച്ചും 
                                  ചീറുന്ന തോക്കിന്‍ കുഴല്‍ മുമ്പില്‍ കണ്ട്
                                  വീരന്മ്മാരൊട്ടും വിറച്ചില്ല പണ്ട്
                                  ബ്രിട്ടീഷുകാരന്റെ പീരങ്കിയുണ്ട 
                                   വിരിമാറുകൊണ്ട് തടുത്തോരുമുണ്ട്
                                             ഇന്നാട്ടുകാരന്റെ രക്തം കുടിച്ചു
                                              ഇംഗ്ലീഷുകാരന്‍ അലറിച്ചിരിച്ചു
                                              സാധുമനുഷ്യന്റെ ചെഞ്ചോര വീണു
                                              സായാഹ്ന സപ്താശ്വന്‍ പോലും ചുവന്നു  

എന്റെ അത്തര്‍കുപ്പി

നിറമില്ലാത്ത മണമില്ലാത്ത ഗുണമില്ലാത്തതെങ്കിലും എന്റെ അത്തര്‍ കുപ്പി ഞാന്‍ തുറക്കട്ടെ ഇഷ്ട്ടമുള്ളവര്‍ക്ക് ഒന്ന് മണക്കാം.വേണ്ടവര്‍ക്ക്  അല്‍പ്പം പുരട്ടാം.